500 ചോദിച്ചാല്‍ അഞ്ചിരട്ടി തരും; 'വാരിക്കോരി' പണം നല്‍കി എടിഎം, പാഞ്ഞെത്തി ആളുകള്‍

  • 16/06/2022

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ എടിഎമ്മിൽ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് ലഭിച്ചത് ആവശ്യപ്പെട്ടതിലധികം പണം.  500 രൂപ പിൻവലിക്കാൻ ശ്രമിച്ചയാൾക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകൾ ലഭിച്ചു. അമ്പരന്ന് ഒരു തവണ കൂടി 500 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾക്ക് വീണ്ടും ലഭിച്ചതും അഞ്ച് 500 രൂപ നോട്ടുകളാണ്.   

നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ബുധനാഴ്ചയാണ് മെഷീനിൽ നിന്ന് അഞ്ചിരട്ടി പണം ലഭിച്ചത്. ഇതോടെ വാർത്ത പ്രചരിച്ചു. തുടര്‍ന്ന് ഉടൻ തന്നെ പണം പിൻവലിക്കാൻ വലിയ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. 

ഇതോടെ ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പോലീസിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പോലീസ് എടിഎം ക്ലോസ് ചെയ്തു. തുടർന്ന് അവർ ബാങ്കിനെ വിവരമറിയിച്ചതായി ഖപർഖേഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തകരാർ കാരണം എടിഎമ്മിൽ നിന്ന് അധിക പണം വിതരണം ചെയ്യുകയായിരുന്നു. 100 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എടിഎം ട്രേയിൽ 500 രൂപയുടെ കറൻസി നോട്ടുകൾ തെറ്റായാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.

Related News