ഷൂട്ടിങ് താരത്തിന്‍റെ കൊലപാതകം; ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍

  • 16/06/2022

ന്യൂഡല്‍ഹി: ഷൂട്ടിങ് താരമായ സിപ്പി സിദ്ധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സബിന സിങ്ങിന്റെ മകള്‍ കല്ല്യാണി സിങ് അറസ്റ്റില്‍. ബുധനാഴ്ചയാണ് സിബിഐ കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. 

ദേശീയ ഷൂട്ടിങ് താരവും കോര്‍പ്പറേറ്റ് അഭിഭാഷകനുമായിരുന്ന സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ധു(35) കൊല്ലപ്പെട്ടിട്ട് ഏഴുവര്‍ഷമാകുന്ന വേളയിലാണ് കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തില്‍ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സി.ബി.ഐ. വക്താവ് പറഞ്ഞു. സിപ്പി സിദ്ധുവുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. സിദ്ധുവിനെ കൊലപ്പെടുത്തിയ ആള്‍ക്കൊപ്പം കല്ല്യാണി സിങ്ങും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. 

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എസ്.എസ്. സിദ്ധുവിന്റെ പൗത്രനായ സിപ്പി സിദ്ധുവിനെ 2015 സെപ്റ്റംബര്‍ 20-നാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചണ്ഡീഗഢിലെ സെക്ടര്‍ 27-ലെ ഒരു പാര്‍ക്കിലായിരുന്നു മൃതദേഹം. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ 2016 ജനുവരിയില്‍ കേസ് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. 

Related News