അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം; ബീഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീവെച്ചു

  • 16/06/2022

ന്യൂഡെല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു. ബിജെപി എംഎല്‍എയുടെ വാഹനം തകര്‍ത്തു. ബിജെപി ഓഫീസ് കത്തിച്ചു. കേരളത്തില്‍ നിന്നുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായി. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

സായുധ സേനാ വിഭാഗങ്ങളില്‍ ഹ്രസ്വകാലത്തേക്ക് യുവാക്കളെ നിയമിക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്. സേനയിലെ തൊഴില്‍ അവസരങ്ങള്‍ മൂന്ന് മടങ്ങാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. സായുധസേനകളിലെ നാലുവര്‍ഷത്തെ നിയമനത്തിനായുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിന്റെ വിവിധ ഇടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം രണ്ടാം ദിവസത്തേയ്ക്ക് കടന്നപ്പോള്‍ അതിശക്തമായി. രാജസ്ഥാന്‍, ഹരിയാന, ജമ്മു,ഡല്‍ഹി എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവിലിറങ്ങി. റോഡുകളും റെയില്‍വേപ്പാളങ്ങളും ഉപരോധിച്ചു. പലയിടങ്ങളിലും സംഘര്ഷമുണ്ടായി. 

പ്രതിഷേധം മൂലം 22 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ബിഹാര്‍ നവാഡയില്‍ ബിജെപി എംഎല്‍എ അരുണ ദേവിയുടെ വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു. എംഎല്‍എയ്ക്കും സഹായികള്‍ക്കും പരുക്കേറ്റു. ബിജെപി ഓഫീസിനും തീയിട്ടു. കേരളത്തില്‍ നിന്നുള്ള നിസാമുദീന്‍ എക്‌സ്പ്രസിനുനേരെ ഗ്വാളിയാറില്‍വച്ചാണ് കല്ലേറുണ്ടായത്. സേനയിലേയ്ക്കുള്ള മുഴുവന്‍ നിയമനവും അഗ്‌നിപഥ് വഴിയാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രതിഷേധങ്ങള്‍ക്ക് മുഖ്യകാരണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പദ്ധതിയെ പിന്തുണച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ഉപേന്ദ്ര ദ്വിവേദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തുവന്നു. അഗ്‌നിപഥ് വഴി സേനയിലെ തൊഴിലവസരം മൂന്നിരട്ടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സേവനം പൂര്‍ത്തിയാക്കുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കവേണ്ടെന്നും തൊഴില്‍ അവസരങ്ങളും തുടര്‍പഠന സാധ്യതകളുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related News