അഗ്നിപഥില്‍ കൈ പൊള്ളി കേന്ദ്രം; പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി 23 ആക്കി ഉയര്‍ത്തി

  • 16/06/2022

ന്യൂഡെല്‍ഹി: സായുധസേനാ വിഭാഗങ്ങളിലേക്ക് നാല് വര്‍ഷ കാലയളവിലേക്ക് നിയമനം നല്‍കുന്ന പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. വിട്ടുവീഴ്ച്ചയുടെ ഭാഗമായി  ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇളവ് ഒറ്റത്തവണമാത്രമായിരിക്കും. പ്രതിഷേധം കണിക്കിലെടുത്താണ് തീരുമാനം. 

കഴിഞ്ഞ രണ്ടുവര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്തതും പരിഗണിച്ചു. അതേസമയം, അഗ്‌നിപഥിനെതിരായ പ്രതിഷേധം രാജ്യത്തെങ്ങും കൂടുതല്‍ രൂക്ഷമാകുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ ഫരിദാബാദില്‍ നിരോധന പ്രഖ്യാപിച്ചു. പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ 24 മണിക്കൂര്‍ സമയത്തേയ്ക്ക് റദ്ദാക്കി. ഹരിയാനയില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. 

ബിഹാര്‍, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. 34 ട്രൈയിനുകള്‍ റദ്ദാക്കി. 36 ട്രൈയിനുകള്‍ വൈകിയോടുന്നു. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനപരിശോധിക്കണമെന്ന് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവ് ഉപേന്ദ്ര കുശ്വാഹയും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി പദ്ധതിയെ പിന്തുണച്ചു. പദ്ധതി മൂലം സേനയിലെ തൊഴിലവസരങ്ങള്‍ മൂന്ന് മടങ്ങ് വര്‍ധിക്കുമെന്നും സേവനം പൂര്‍ത്തിയാക്കുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കവേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Related News