അഗ്നിപഥ്; യു.പിയിലെ ഒന്‍പത് സൈനിക പരിശീലനകേന്ദ്ര നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു

  • 19/06/2022

നോയിഡ: അഗ്‌നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഒന്‍പത് സൈനിക പരിശീലന കേന്ദ്ര നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. ഇതുവരെ 80 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സായുധ സേന ഉദ്യോഗാര്‍ത്ഥികളെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും, സാമൂഹിക വിരുദ്ധ ഘടകങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.


കസ്റ്റഡിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.


Related News