ജീവത്യാഗത്തിന് ഒരു കോടി രൂപ; പ്രക്ഷോഭകര്‍ക്ക് നിയമനമില്ല, അഗ്നിപഥില്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകളുമായി സര്‍ക്കാര്‍

  • 19/06/2022

ന്യൂഡെല്‍ഹി: പ്രതിഷേധം കനക്കുന്നതിനിടെ അഗ്നിപഥില്‍ കൂടുതല്‍ ആനുകൂല്യങ്ങളും നിബന്ധനകളും മുന്നോട്ട് വെച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്‌നിപഥ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് നിയമനം ലഭിക്കില്ലെന്ന് സംയുക്ത സേനാമേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

നിയമനത്തിനുളള അപേക്ഷയില്‍ ഇക്കാര്യം രേഖപ്പെടുത്തണം. ഇതിനായി കര്‍ശനമായ പൊലീസ് വെരിഫിക്കേഷന്‍ നടത്തുമെന്നും സേനാപ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഗ്‌നിവീര്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് കര-നാവിക- വ്യോമസേനകള്‍. നിയമനനടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് സൈനിക നേതൃത്വങ്ങള്‍ അറിയിച്ചു.നിയമനത്തിനായുള്ള കരസേനയുടെ കരട് വിജ്ഞാപനം നാളെ പുറത്തിറങ്ങും. 

വ്യോമസേനയിലെ ആദ്യബാച്ച് ഡിസംബറിലും നാവികസേനയില്‍ നവംബറിലും പരിശീലനം തുടങ്ങും. നാവികസേനയില്‍ വനിതകളെയും അഗ്‌നിവീര്‍ പദ്ധതിയില്‍ നിയമിക്കും. അഗ്‌നിവീറുകള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സംവരണവും പ്രക്ഷോഭം കണ്ട് കൂട്ടിച്ചേര്‍ത്തതല്ലെന്നും സേനകള്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മൂന്ന് സേനകളിലുമായി 46,000 പേരെ നിയമിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് ഒന്നേകാല്‍ ലക്ഷമായി ഉയര്‍ത്തും. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തു. അഗ്‌നിപഥ് വിഷയത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാം തവണയാണ് പ്രതിരോധമന്ത്രി യോഗം വിളിച്ചത്.

Related News