രാഹുല്‍ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

  • 19/06/2022

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. 

മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം ഇഡി നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എ ഐ സി സിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാല്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. രാഹുലിനെതിരായ ഇഡി നടപടി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയര്‍ന്നു. സാമ്പത്തിക രേഖകള്‍ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം രാഹുല്‍ നിസ്സംശയം നിഷേധിച്ചു. രാഷ്ട്രീയ പകപോക്കല്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. മൂന്ന് നാള്‍ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. 

2012 ല്‍ മുന്‍ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിനാസ്പദമായ പരാതി.

Related News