മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

  • 21/06/2022

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നൗപാഡ ജില്ലയിലാണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഉച്ചയ്ക്ക് 2.30നാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുതിയ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സിആര്‍പിഎഫ് സേനാ വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Related News