വ്യോമസേനയിലും അഗ്നിവീര്‍ വിജ്ഞാപനമിറങ്ങി

  • 22/06/2022

ന്യൂഡെല്‍ഹി:  കരസേനക്ക് പിന്നാലെ വ്യോമസേനയിലും അഗ്‌നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍ ചെയ്യാന്‍ : agnipathvayu.cdac.in സൈറ്റ് സന്ദര്‍ശിക്കാം. 

അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം: 1999 ഡിസംബര്‍ 29-നും 2005 ജൂണ്‍ 29-നുമിടയില്‍ ജനിച്ചവരാകണം.സയന്‍സ് വിഷയമെടുത്തവരുടെ വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്) പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം. അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി, ഐ.ടി. എന്നിവയില്‍) സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം വേണം. ഡിപ്ലോമ കോഴ്‌സില്‍ ഇംഗ്ലീഷ് ഇല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍ ഇംഗ്ലീഷിന് 50 ശതമാനമുണ്ടാകണം. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് (ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ സഹിതം) 50 ശതമാനം മാര്‍ക്കോടെ പാസാകണം. ഇംഗ്ലീഷിന് 50 ശതമാനം വേണം. 

സയന്‍സ് അല്ലാത്തവരുടെ യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസോ രണ്ടുവര്‍ഷ വൊക്കേഷണല്‍ കോഴ്‌സോ (ഇംഗ്ലീഷിന് 50 ശതമാനം) വിജയിച്ചവര്‍. സയന്‍സ് പഠിച്ചവര്‍ക്ക് മറ്റുവിഷയങ്ങളിലെ പരീക്ഷകളും എഴുതാം.നിയമനം: പ്രത്യേക റാങ്കോടെ നിയമനം. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് സ്ഥിരം സേവനത്തിനായി അപേക്ഷിക്കാം. ഓരോ ബാച്ചിലെയും പരമാവധി 25 ശതമാനം പേരെ സ്ഥിരനിയമനത്തിനായി പരിഗണിക്കും.ശമ്പളം: ഒന്നുമുതല്‍ നാല് വരെയുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 30,000 രൂപ, 33,000 രൂപ, 36,500 രൂപ, 40,000 രൂപ.

Related News