സ്ത്രീധന പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റില്‍

  • 10/08/2022

തൃശ്ശൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശ്ശൂര്‍ പെരിഞ്ജനം സ്വദേശി അഫ്സാന ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിന് മൂന്നുപീടികയിലെ ഫ്ളാറ്റിൽ ആണ് അഫ്സാന തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. 

ഇന്ന് പുലർച്ചെ ആണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഭർത്താവ് അമലിനെ ഇന്നലെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്‌സാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളുടെ പരാതിപ്പെട്ടു.തുടര്‍ന്നാണ് അഫ്‌സാന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പ്രണയത്തിലായിരുന്ന അമലും അഫ്‌സാനയും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്. മൂന്നുമാസത്തോളം അമലിന്റെ വീട്ടില്‍ താമസിച്ച ഇരുവരും പിന്നീട് വീട്ടുകാരുമായി അകന്നു. ഇതോടെ മൂന്നുപീടികയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെ അമല്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സമീപവാസികളടക്കം ആരോപിക്കുന്നുണ്ട്.  

പീഡനത്തെ തുടർന്ന് മുൻപ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കി. എന്നാല്‍‌ പിന്നീടും പീഡനം തുടർന്നതോടെ ആണ് ആത്മഹത്യ. അമലിനെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

Related News