മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞു; ചോദ്യം ചെയ്ത യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചു, എട്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

  • 11/08/2022

കൊച്ചി: കൊച്ചി ചിലവന്നൂരിൽ മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്ത കാര്‍ യാത്രക്കാരെ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്ന് പരാതി. കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചു.  ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിൽ എത്തിയ യാത്രക്കാർ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡ് ഒന്നും ഇല്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും യുവാക്കള്‍ തൊഴിലാളികളോട് പറഞ്ഞു. എന്നാൽ ടാറിംഗ് തൊഴിലാളി എതിർത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ തിളച്ച ടാർ ദേഹത്ത് ഒഴിച്ചെന്നാണ് യുവാക്കളുടെ പരാതി. 

ഗുരുതരമായി പൊള്ളലേറ്റ വിനോദ് വർ‍ഗീസ്, സഹോദരൻ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാർ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ് പൊള്ളലേറ്റ വിനോദ് വർഗീസ്. അതേസമയം ടാറിംഗ് തൊഴിലാളിയെ കാർ യാത്രക്കാർ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാർ കമ്പനി പറയുന്നത്. 
 

Related News