വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

  • 12/08/2022

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നെഫ്രോളജി മേധാവി അനുമതിയില്ലാതെ വിട്ടുനിന്നു എന്നും ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദ്ദേശം നല്‍കിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

വീഴ്ചവരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശയുണ്ട്.വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ വീഴ്ച മാതൃഭൂമി ന്യൂസായിരുന്നു ദൃശ്യങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ നെഫ്രോളജി വിഭാഗം മേധാവിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവയവകൈമാറ്റ ഏജന്‍സിക്കും ഏകോപനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നെഫ്രോളജി വിഭാഗം മേധാവിക്കെതിരേയും ട്രാന്‍സ്പ്ലാന്റിങ് ഏജന്‍സിയുടെ രണ്ട് ജീവനക്കാര്‍ക്കെതിരേയും അച്ചടക്ക നടപടി വേണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്. എന്നാല്‍ രോഗിയുടെ മരണത്തിന് കാരണമായത് ഈ കാലതാമസമാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ആശാതോമസ് ചൂണ്ടിക്കാട്ടുന്നു. ഏകോപനത്തിന്റെ പിഴവിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്

Related News