കെ.ടി ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തില്‍

  • 12/08/2022

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച മുന്‍മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. പാകിസ്താനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്നാണ് ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീലിന്റെ വിവാദ പരാമര്‍ശം.

ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറയുന്നുണ്ട്. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശം ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്.J പാക് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണിത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കാതിരുന്നത് ഇത് ഉന്നയിച്ചാണ്. ഈ ഘട്ടത്തിലാണ് പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്ന് അറിയപ്പെട്ടുവെന്ന് ജലീല്‍ പറയുന്നത്. കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇട്ട പോസ്റ്റില്‍ കശ്മീരിന്റെ ചരിത്രവും പ്രകൃതി സൗന്ദര്യവും ജനങ്ങളെക്കുറിച്ചും എല്ലാം വിവരിക്കുന്നതിനിടെയാണ് ഈ പരാമര്‍ശവും ചേര്‍ത്തിരിക്കുന്നത്.

Related News