ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നണിപ്പോരാളികളാകണമെന്ന് മന്ത്രി

  • 12/08/2022

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നണിപ്പോരാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സപ്തദിന സഹവാസക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താനുമുള്ള ആര്‍ജവം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണം. നാഷണല്‍ സര്‍വ്വീസ് സ്‌കീം പോലുള്ള പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലനം ഇത്തരത്തില്‍ പ്രസക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സഹവാസക്യാമ്പുകള്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ക്യാമ്പുകളാണ് ഏഴു ദിവസങ്ങളിലായി പൂര്‍ത്തിയാക്കുന്നത്. ഒരു എന്‍.എസ്.എസ്. അംഗം ആശയങ്ങള്‍ സായത്തമാക്കുന്നത് സപ്തദിനക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെയാണ്. സഹജീവിതത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കുവാനും സാമൂഹ്യബോധമുള്ളവരായി മാറുവാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുവാനുള്ള കളരികളാണ് സപ്തദിന സഹവാസക്യാമ്പുകള്‍.

ക്യാമ്പിന്റെ ഭാഗമായി 'കല്‍പകം' എന്ന പേരില്‍ ഓരോ യൂണിറ്റും 5 വീതം തെങ്ങിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷികരംഗത്ത് ഇടപെടാനുള്ള അറിവും കഴിവും നേടാന്‍ കഴിയുമെന്നതില്‍ സംശയമില്ല. സപ്തദിനക്യാമ്പിന്റെ ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' എന്ന കാമ്പയിന്‍ ഏറ്റവും ഉചിതമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തില്‍പരം ദേശീയപതാകകളാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ തയ്യാറാക്കുന്നത്.



Related News