മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കാന്‍ സി.പി.എം

  • 12/08/2022

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടിയിലേക്ക് സി.പി.എം. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന സംസ്ഥാന സമിതി തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിലേക്ക് നീങ്ങുകയാണ് സി.പി.എം. ഇതിന്റെ ഭാഗമായി പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പങ്കെടുക്കുന്ന ഈ യോഗം വൈകാതെ ഉണ്ടാകും. സര്‍ക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനായി വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനാണിത്. ഇത്തവണ മുഴുവന്‍ സ്റ്റാഫിനെയും പങ്കെടുപ്പിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനാണ് ആലോചിക്കുന്നത്.ചില സമയങ്ങളില്‍, നയപരമായ കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കാനാണെങ്കില്‍ പ്രൈവറ്റ് സെക്രട്ടറിമാരെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരെയും മാത്രമാണ് വിളിക്കാറുള്ളത്. ഇത്തവണ മന്ത്രിമാരുടെ ഓഫിസിനെ കുറിച്ച് സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് എല്ലാവരെയും വിളിച്ചുകൂട്ടുന്ന കാര്യം പരിഗണിക്കുന്നത്. 

ആറു മാസം മുമ്പാണ് ഇതുപോലെ പാര്‍ട്ടി പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത്. അന്ന് കോടിയേരിയും എസ്.രാമചന്ദ്രന്‍ പിള്ളയും എം.എ ബേബിയുമായിരുന്നു പങ്കെടുത്തത്. ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണമെന്ന് ഇന്നലെ സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഓഫിസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Related News