ശുചിമുറി വഴി ജയിൽ ചാടിയ പ്രതി മൂന്നാം നാള്‍ തിരികെ ജയിലിലെത്തി കീഴടങ്ങി

  • 13/08/2022

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ശുചിമുറി വഴി ജയിലില്‍ നിന്നും ചാടിയ പ്രതി വീണ്ടും പോലീസ് കസ്റ്റഡിയിൽ. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തൽ വീട്ടിൽ എൻ ഫഹദ് ആണ് വടകര ജയിൽ അധികൃതർക്ക് മുൻപിൽ കീഴടങ്ങിയത്. 

കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിലായ പ്രതി കഴിഞ്ഞ 10ന് വൈകുന്നേരം നാല് മണിയോടെയാണ് ജയില്‍ ചാടിയത്. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്‌സ്സൈസ് പിടികൂടിയത്.

ഇയാള്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് കാസർഗോട്ടെ ഭാര്യവീട്ടിലും താമരശ്ശേരിയിലും പോലീസ് പരിശോധന നടത്തിയിരുന്നു. ജയിലിലെ ശുചിമുറിയിൽ നിന്നും വെന്റിലേറ്റർ വഴിയാണ് പ്രതി പുറത്തു കടന്നത്. പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.

തുടര്‍ന്ന് വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10.15 ഓടെ പ്രതി ജയിലിൽ കീഴടങ്ങി. പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം  കോടതിയിൽ ഹാജരാക്കി. 

Related News