ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്തുവന്നു, അടിയന്തിര ശസ്ത്രക്രിയ; മകന്റെ കുത്തേറ്റ് 14 ദിവസത്തിന് ശേഷം അമ്മ മരിച്ചു

  • 14/08/2022

കൊച്ചി: എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. 14 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് മേരി കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. നായത്തോട് സ്വദേശിനിയാണ് മരിച്ച മേരി. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മകൻ കിരണ്‍ മേരിയെ കുത്തിയത്. വീട്ടില്‍ വെച്ച് മേരിയും മകന്‍ കിരണും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മേരിയെ മകനായ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആഴത്തിലുള്ള കുത്തിൽ കുടൽമാല പുറത്തുവന്നു. എങ്കിലും ഉടന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനാൽ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. 

ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിൽ എത്തിച്ചത്. പോലീസെത്തിയതോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം.

പ്രതിയായ കിരണിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജെയിലിൽ റിമാൻഡിൽ കഴിയുകയാണ്. 27കാരനായ കിരൺ അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ്. മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 
 

Related News