സി.പി.എം നേതാവ് ഷാജഹാന്റെ കൊലപാതകം; കൃത്യം നടത്തിയത് എട്ടോളം പേരെന്ന് ദൃക്‌സാക്ഷി

  • 15/08/2022

പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. 

ഷാജഹാന്റെ കഴുത്തിനും കാലിനും ഇവര്‍ വെട്ടി. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് നേരേയും വാള്‍ വീശി. വെട്ടിവീഴ്ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിന്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്.അതേസമയം സ്വാതന്ത്ര്യദിനത്തിന് തലേന്ന് സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008 ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി പി എം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പ്രകോപനത്തില്‍ ആരും പെടരുതെന്നും സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News