ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • 15/08/2022

പത്തനംതിട്ട: തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട ഡിഎംഒയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

തിരുവല്ല പുളിക്കീഴ് പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു. ഇന്നലെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് രാജന്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ കാഷ്വാല്‍റ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ഗിരീഷ് ആരോപിച്ചിരുന്നു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഓക്‌സിജന്‍ ലെവല്‍ 38 % എന്ന ഗുരുതര നിലയിലാണ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

Related News