അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്

  • 15/08/2022

ദില്ലി: നിയമലംഘനത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്‌പെന്‍ഷന്‍. ഫിഫ കൗണ്‍സിലിന്റേതാണ് തീരുമാനം. ഇതോടെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. 

ഇന്ത്യന്‍ ക്ലബുകള്‍ക്ക് എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.ഭരണതലത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗുരുതര വീഴ്ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. കാലാവധി കഴിഞ്ഞിട്ടും ചുമതലകളില്‍ തുടര്‍ന്ന പ്രഫുല്‍ പട്ടേല്‍ നയിക്കുന്ന ഭരണസമിതിയെ സുപ്രീംകോടതി നീക്കിയിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് നടത്താന്‍ മൂന്നാംകക്ഷി എത്തിയതാണ് ഫിഫയുടെ നടപടിക്ക് കാരണം.അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ എല്ലാ ദൈന്യംദിനം പ്രവര്‍ത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ മാത്രമേ ഫിഫ വിലക്ക് പിന്‍വലിക്കുകയുള്ളൂ. എഐഎഫ്എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ഫിഫ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

Related News