കിഫ്ബി കേരള ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാനെന്ന് മുഖ്യമന്ത്രി

  • 16/08/2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമര്‍ശനത്തിന് മുന്‍പ് കുറവുണ്ടായിരുന്നില്ല. ഇക്കാര്യം പ്രമുഖര്‍ തന്നെ പറഞ്ഞു. എന്നിട്ടും അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മികച്ച സൗകര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ സൗകര്യം കൂട്ടുക എന്നത് നാട് ആഗ്രഹിക്കുന്നതാണ്. കേരളം മാത്രമല്ല തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവരും സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ആശ്രയിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം പൊതുവേ അംഗീകാരം പിടിച്ചു പറ്റിയതാണ്. ആദ്യ ഇ എം എസ് സര്‍ക്കാര്‍ മുതല്‍ വലിയ പ്രാധാന്യം നല്‍കി. പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെട്ടാല്‍ പാവപ്പെട്ടവര്‍ക്ക് വലിയ സൗകര്യമാകും.ആരോഗ്യപ്രവര്‍ത്തകരെയോ ഡോക്ടര്‍മാരെയൊ കൈയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ആശുപത്രിയില്‍ എത്തുന്നവരെ നല്ല ചികില്‍സ നല്‍കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് രോഗികള്‍ വരുന്നത്. ചേരാത്ത ഒറ്റപ്പെട്ട പ്രവണതയുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല. ഒരു തരത്തിലുള്ള വ്യതിയാനവും ഇക്കാര്യത്തില്‍ ഉണ്ടാവരുത്. ചെറിയ നോട്ടപ്പിശക് വലിയ സംഭവമായി മാറിയേക്കാം. രക്ഷപ്പെടുത്താന്‍ കഴിയുന്ന ചില പരിശോധകള്‍ നടത്താന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ കുറ്റബോധം ജീവിതകാലം മൊത്തം വേട്ടയാടും. ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ആരോഗ്യരംഗം ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ചെലവ് കൂടി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവമാറ്റ ശസ്ത്രക്രിയയുടെ കാലമാണ് ഇന്ന്. ഇതിലടക്കം വലിയ ചെലവാണ് ഉണ്ടാകുന്നത്. ചിലര്‍ വലിയ ചാര്‍ജ്ജ് ഈടാക്കുന്നു. കരള്‍ മാറ്റം അടക്കമുള്ള ശസ്ത്രക്രിയയ്ക്കായി ഒരു വലിയ സ്ഥാപനം സര്‍ക്കാര്‍ തുടങ്ങുകയാണ്. അത് വലിയ മാറ്റമുണ്ടാക്കും. ലോകത്ത് തന്നെ അപൂര്‍വമായുള്ള സംരഭമാകും ഇതെന്നും അദ്ദേഹം പറഞ്ഞു.

Related News