'കേരള സവാരി' ഫ്‌ളാഗ് ഓഫ് ഇന്ന്

  • 17/08/2022

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി നാളെ പ്രവര്‍ത്തനമാരംഭിക്കും. ഇന്ന്  ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആണ് 'കേരള സവാരി'. കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.
തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തും. തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായം നല്‍കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. ആന്റണി രാജു കേരള സവാരി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്.

Related News