സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തി

  • 17/08/2022

തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താനാണ് പരിശോധന. 'ഓപ്പറേഷന്‍ സരള്‍ രാസ്ത' എന്ന പേരിലുള്ള പരിശോധന തുടരുകയാണ്. ആറു മാസത്തിനിടെ അറ്റകുറ്റപണിയും നിര്‍മാണവും നടത്തിയ റോഡുകളിലാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്.


സംസ്ഥാനത്തെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നതായും അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തില്‍ നടത്തുന്നില്ലെന്നും ഇതുമൂലം നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം റോഡുകളില്‍ കുഴികള്‍ രൂപപ്പടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധന നടത്തുന്നുണ്ട്.

സംസ്ഥാനത്ത് റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. പ്രതിപക്ഷവും സര്‍ക്കാരുമായുള്ള രാഷ്ട്രീയ പോരിനപ്പുറം ഹൈക്കോടതിയും നിരന്തര വിമര്‍ശനമാണ് ഉയര്‍ത്തിയത്. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്കു പുറമേ തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള റോഡുകളിലും പരിശോധന നടന്നു. ഇന്ന് പരിശോധന നടത്തിയ റോഡുകളില്‍ പലയിടത്തും നിര്‍മ്മാണത്തില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തുടര്‍ നടപടികളിലേക്ക് കടക്കും.

Related News