സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ കോടതി പരാമര്‍ശവും വിവാദമാകുന്നു

  • 18/08/2022

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നല്‍കാനെടുത്ത നിലപാടില്‍ വിമര്‍ശനം ഉയരുന്നു. ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധര്‍ പറയുന്നത്.

എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നല്‍കിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ യുവതിക്കയച്ച വാട്‌സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍, അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതി സ്വീകരിച്ച നിലപാട് കേരളത്തെയാകെ അമ്പരപ്പിച്ചിരുന്നു.കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവാണ് വിവാദമായിരിക്കുന്നത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി ഹാജരാക്കിയിരുന്നു. ഇതില്‍ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.ആഗസ്റ്റ് 12ന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമര്‍ശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖര്‍ പറഞ്ഞു. സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവില്‍ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തില്‍ ഉന്നത പദവിയുള്ളയാള്‍ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

Related News