വിവാദ പരാമര്‍ശത്തില്‍ കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷനും

  • 18/08/2022

ദില്ലി: ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരം എന്ന് രേഖ ശര്‍മ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചുവെന്നും അവര്‍ വിമര്‍ശിച്ചു.

കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകള്‍ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.ആഗസ്റ്റ് 12ന് തന്നെ സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമര്‍ശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖര്‍ കുറ്റപ്പെടുത്തുന്നു. സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവില്‍ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തില്‍ ഉന്നത പദവിയുള്ളയാള്‍ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.അതേസമയം സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നല്‍കാനെടുത്ത നിലപാടിലും ഇപ്പോള്‍ വിമര്‍ശനം ഉയരുന്നുണ്ട്. ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാടെടുത്തത്. ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധര്‍ പറയുന്നത്.

Related News