വിഴിഞ്ഞം: സര്‍ക്കാരിന്റെ ചര്‍ച്ചക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത സ്വീകരിച്ചു

  • 18/08/2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്ത് സര്‍ക്കാര്‍. വിഷയത്തില്‍ നാളെ ചര്‍ച്ച നടത്താന്‍ ഫിഷറീസ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്‌മാന്‍ സമരക്കാരെ ക്ഷണിച്ചു. സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.

അതേസമയം വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സമരത്തിന് പിന്നില്‍ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related News