കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിലായി

  • 18/08/2022

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയില്‍. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും ദിര്‍ഹവും സ്വര്‍ണ്ണാഭരണങ്ങളും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.

വിമാനത്താവളത്തിന് മുന്‍പിലുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ഒരാളില്‍ നിന്നും 320 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി ഫോണ്‍ വരുന്നത് ശ്രദ്ധിച്ച പോലീസ്  അയാളെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ഫോണില്‍ എന്നറിഞ്ഞ പോലീസ് അയാളുടെ റൂമില്‍ എത്തി പരിശോധിക്കുകയായിരുന്നു.

കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനായിരുന്നു സ്വര്‍ണ്ണക്കടത്ത് കാരിയറെ തുടര്‍ച്ചയായി വിളിച്ചത്. ഇയാളുടെ റൂമിലെത്തി പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് 5 ലക്ഷത്തോളം രൂപയും, ദിര്‍ഹങ്ങളും, 320 ഗ്രാം സ്വര്‍ണവും, റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ ആണ്. സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇയാള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിനുള്ളില്‍ വച്ച് സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്നും സ്വര്‍ണ്ണം  മുനിയപ്പന്‍ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയായി പുറത്ത് കടക്കുന്ന കാരിയര്‍ പിന്നീട് മുനിയപ്പനെ വന്ന് കണ്ടു പണം നല്‍കി സ്വര്‍ണ്ണം കൊണ്ടു പോവുകയാണ് പതിവ്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന കാരിയര്‍മാരുടെ പാസ്‌പോര്‍ട്ടുകളും ഇയാള്‍ കൈവശം വയ്ക്കും. സ്വര്‍ണ്ണത്തിനൊപ്പമാണ് പാസ്‌പോര്‍ട്ടും തിരിച്ചു കൊടുക്കുക. നാല് പാസ്‌പോര്‍ട്ടുകളും ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. മുനിയപ്പനെ പോലീസ് കസ്റ്റഡിയിലെടുത്ത് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇയാള്‍ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് പോലീസ് കസ്റ്റംസിന് കൈമാറും. മറ്റ് നിയമ നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിക്കാന്‍ പോലീസിന് നിര്‍വാഹമില്ല. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസാണ് നടപടി എടുക്കേണ്ടത്.

Related News