മധു വധക്കേസില്‍ അഭിഭാഷകന് ഫീസ് ലഭിക്കുന്നില്ലെന്ന് അമ്മ; മന്ത്രിക്ക് പരാതി നല്‍കി

  • 19/08/2022

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ. ഒരു രൂപ പോലും അഭിഭാഷകന് ഇതുവരെ നല്‍കിയിട്ടില്ല. പണം നല്‍കുന്നത് വൈകിയാന്‍ നേരത്തെ അഭിഭാഷകന്‍ പി ഗോപിനാഥ് കേസില്‍ നിന്ന് പിന്മാറിയത് പോലെ ആവര്‍ത്തിക്കുമോ എന്ന് ഭയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ് മധുവിന്റെ അമ്മ മന്ത്രി കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ട് പരാതി നല്‍കി.

പരാതി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് ജില്ലാ പട്ടികവര്‍ഗ ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. 2022 ജൂണ്‍ എട്ടിനാണ് മധു കേസ് വിചാരണ നടപടികള്‍ പാലക്കാട് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ മുതല്‍ രാജേഷ് എം മേനോനാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍.


അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി നാളെ വിധി പറയും. കേസില്‍ സാക്ഷികളുടെ കൂറമാറ്റം തുടരുന്ന സാഹചര്യത്തിലാണ് പുതിയ പരാതി. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

Related News