ചര്‍ച്ച അവസാനിച്ചു; ഫലപ്രദമെന്ന് അതിരൂപത, സമരം തുടരും

  • 19/08/2022

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത പ്രതിനിധികളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച ഫലപ്രദമാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുറന്ന മനസ്സോടെയാണ് ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ടതെന്നും തീരുമാനമാകാത്ത മറ്റു വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താന്‍ ധാരണയായെന്നും യൂജിന്‍ പെരേര പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കണം മണ്ണെണ്ണ വില കുറയ്ക്കണം എന്നതടക്കം ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും ഇതില്‍ അഞ്ചെണ്ണത്തില്‍ ധാരണയായെന്നും അദ്ദേഹം വ്യക്തമാക്കി.കടലില്‍ പോകരുതെന്ന് മുന്നറയിപ്പുള്ള കാലാവസ്ഥ വ്യതിയാന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവരേയും ഓണത്തോടനുബന്ധിച്ച് വാടക വീടുകളിലേക്ക് മാറ്റാമെന്നും സ്ഥിരതാമസത്തിനുള്ള പുനരധിവാസ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും യൂജിന്‍ പെരേര പറഞ്ഞു. മന്ത്രി വി അബ്ദുറഹ്‌മാനും ആന്റണി രാജുവുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. സമരസമിതിയിലെ ഒമ്പത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Related News