കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരെ നടപടിക്കൊരുങ്ങി ഗവര്‍ണര്‍

  • 19/08/2022

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓഗസ്റ്റ് 25ന് മടങ്ങിവന്നാലുടന്‍ വി.സിക്കെതിരേ നടപടിയുണ്ടാകുമെന്ന് രാജ്ഭവന്‍ അറിയിച്ചു.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയതില്‍  ഗവര്‍ണര്‍ എടുത്ത നടപടിക്ക് ശേഷം വൈസ് ചാന്‍സലര്‍ നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ്  നടപടിക്ക് കാരണം.
പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാന്‍ നേരത്തെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

വി.സിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ടലംഘനമാണെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപിനാഥ് രവീന്ദ്രനെതിരേ ഗവര്‍ണര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്.

Related News