ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് വിടനല്‍കി നാട്

  • 19/08/2022

എറണാകുളം: മധ്യപ്രദേശില്‍ പ്രളയത്തിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കിയാണ് ഭര്‍ത്താവ് നിര്‍മ്മലിനെ യാത്രയാക്കിയത്.


വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടര്‍ രേണു രാജ് അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി പി രാജീവ് എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രളയമുന്നറിയിപ്പ് അറിയാതെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നിര്‍മ്മല്‍ മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്. മധ്യപ്രദേശിലെ ജപല്‍പൂരില്‍ നിന്നുള്ള യാത്രക്കിടെ തിങ്കളാഴ്ച്ച കാണാതായ നിര്‍മ്മലിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്‌നിയില്‍ കണ്ടെത്തിയത്.

Related News