ഗവര്‍ണറുടെ നിലപാടിനെതിരെ കേരള സര്‍വകലാശാല ഇന്ന് സെനറ്റ് യോഗം ചേരും

  • 20/08/2022

കണ്ണൂര്‍: സര്‍വകലാശാലയില്‍ നിയമന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്ഡവകലാശാല. ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേരും. വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യും.

സെര്‍ച്ച് കമ്മിറ്റിയെ ഗവര്‍ണര്‍ നിയമിച്ച സാഹചര്യത്തില്‍ സെനറ്റ് പ്രതിനിധി കൂടി വന്നാലേ കമ്മിറ്റി പൂര്‍ണമാകൂ. മൂന്ന് മാസമാണ് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി. അതിനാല്‍ സെനറ്റ് പ്രതിനിധിയുടെ പേരു നിര്‍ദ്ദേശിക്കുന്നതു നീട്ടിക്കൊണ്ടു പോയാല്‍ അത് കാലഹരണപ്പെടും. വൈസ് ചാന്‍സിലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവര്‍ണറുടെയും സര്‍വകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്. എന്നാല്‍ ചാന്‍സലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ കമ്മിറ്റി രൂപീകരിച്ചത്.


സര്‍വകലാശാല പ്രതിനിധിയെ സമയത്ത് നിശ്ചയിക്കാത്തതിരുന്നതിനാല്‍ പിന്നീട് തീരുമാനം ഉണ്ടാകുന്നത് അനുസരിച്ച് സര്‍വകലാശാല പ്രതിനിധിയെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയുടെ പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് സര്‍വകലാശാലയ്ക്ക് നിയമോപദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് നിലിവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നത്.

ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം ജൂലൈ 15ന് ചേര്‍ന്ന് സെനറ്റ് യോഗത്തില്‍ സെര്‍ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധി ആയി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ പിന്നീട് അദ്ദേഹം ഈ സ്ഥാനത്തു നിന്ന് സ്വയം ഒഴിവാകുകയായിരുന്നു.

Related News