മധു കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

  • 20/08/2022

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖാന്തരവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറാം തിയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതില്‍ തീര്‍പ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ വിസ്തരിക്കൂ.


ഇതുവരെയുള്ള വിസ്താരത്തില്‍ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. അതേസമയം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ഷിഫാന്‍ അറസ്റ്റിലായത്.

Related News