രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കും; ഓണച്ചെലവിനായി കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

  • 20/08/2022

രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കും; ഓണച്ചെലവിനായി കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവുകള്‍ക്കായി പതിവുപോലെ കേരളം 3000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടിവരും. ആദ്യഘട്ടമായി ആയിരംകോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെന്‍ഷന്‍, മറ്റു സാധാരണ ചെലവുകള്‍ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരും. 

പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ എല്ലാ ചൊവ്വാഴ്ചയും റിസര്‍വ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്.ഓണച്ചെലവ് നേരിടാന്‍ അടുത്തടുത്ത ആഴ്ചകളില്‍ത്തന്നെ കേരളത്തിന് കടമെടുക്കേണ്ടിവരും. ഓണത്തിന് രണ്ടുമാസത്തെ (ജൂലായ്, ഓഗസ്റ്റ് ) ക്ഷേമപെന്‍ഷന്‍ ഒരുമിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍ 800 കോടിരൂപ വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബോണസ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ നല്‍കാന്‍ കഴിയാത്തസ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം നാലായിരം രൂപയാണ് ബോണസ് നല്‍കിയത്. അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. 15,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ട ഉത്സവ അഡ്വാന്‍സായി നല്‍കിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങള്‍. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാവും.സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണമില്ലാത്തതിനാല്‍ ഇതും ബജറ്റില്‍നിന്നുതന്നെ നല്‍കേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം നീക്കിവെക്കണം.ഇത്തവണ ഡിസംബര്‍വരെ 17,936 കോടിരൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതില്‍ 4000 കോടിയോളം ഇതിനകം എടുത്തു.

Related News