മധു കൊലപാതക കേസില്‍ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജഡ്ജിയോട് അഭിഭാഷകന്‍

  • 20/08/2022

പാലക്കാട്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയതായി മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് മധു കേസിലെ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകന്റെ പരാമര്‍ശങ്ങള്‍ കോടതി വെളിപ്പെടുത്തിയത്.

ജാമ്യം റദ്ദാക്കിയാല്‍ വിചാരണ കോടതി ജഡ്ജി ഹൈക്കോടതിയില്‍ അതിന് മറുപടി പറയേണ്ടിവരുമെന്നും മാധ്യമങ്ങളില്‍ ജഡ്ജിയുടെ പടം ഉള്‍പ്പെടെയുള്ള മോശം വാര്‍ത്തകള്‍ വരുമെന്നും അഭിഭാഷകന്‍ പറഞ്ഞതായി ഉത്തരവില്‍ പരാമര്‍ശമുണ്ട്. കേസിലെ 3,6,8,10,12 എന്നീ പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങളാണ് വിചാരണ കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചത്.ഇത്തരം കാര്യങ്ങളില്‍ ഇനി നേരായ തീരുമാനമുണ്ടായില്ലെങ്കില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം വരുമെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയതായി ഉത്തരവില്‍ പറയുന്നു. അതേസമയം കേസിന്റെ വിചാരണ വേളയിലാണോ അതോ മറ്റെവിടെയെങ്കിലും വച്ചാണോ പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് കോടതി ഉത്തരവില്‍ പറയുന്നില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കേസിലെ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം വിചാരണ കോടതി ശനിയാഴ്ച റദ്ദാക്കിയത്.

Related News