സഞ്ജുവിന്റെ മികവില്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

  • 20/08/2022

ഹരാരെ: സിംബാബ്വെക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.


കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ദീപക് ചഹാറിന് പകരം ടീമിലെത്തിയ ഷര്‍ദുല്‍ താക്കൂറിന്റെ മികച്ച ബോളിങ്ങാണ് സിംബാബ്വെയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 42 റണ്‍സെടുത്ത സീന്‍ വില്യംസാണ് സിംബാബ്വെ നിരയില്‍ തിളങ്ങിയത്.

സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍.രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വിജയം സമ്മാനിച്ച ഗില്ലും ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി.
ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. ഷിവാന്‍ഗയുടെ പന്തില്‍ സിക്സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയ്യിലൊതുങ്ങി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി.

ധവാന് പകരം വന്ന ഇഷാന്‍ കിഷനും തിളങ്ങാനായില്ല. 13 പന്തുകള്‍ നേരിട്ട കിഷന്‍ വെറും 6 റണ്‍സ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്വെയുടെ പന്ത് കിഷന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി. ഇതോടെ ഇന്ത്യ 97 ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

Related News