ഗവര്‍ണര്‍ സര്‍വ മര്യാദകളും ലംഘിച്ചെന്ന് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്

  • 21/08/2022

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയമാണെന്നും സിന്‍ഡിക്കേറ്റ് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ മര്യാദ ലംഘിച്ചുവെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.ഗവര്‍ണര്‍ സര്‍വകലാശാല പോരില്‍ അക്കമിട്ട മറുപടികളാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് വിമര്‍ശനമായി ഉന്നയിക്കുന്നത്. 

കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്ന് വിളിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. ഇത്തരം പദപ്രയോഗങ്ങള്‍ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതല്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരുന്നുണ്ട്. വിവാദങ്ങള്‍ക്ക് ഊര്‍ജം കൂട്ടുന്ന രീതിയിലാണ് ഗവര്‍ണറുടെ പ്രതികരണങ്ങളെന്നും വിമര്‍ശനമുണ്ട്.സര്‍വകലാശാലയുടെ പല ചട്ടങ്ങളും മനസ്സിലാക്കാതെയാണ് ഗവര്‍ണറുടെ നടപടികള്‍. പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചത് ചട്ടങ്ങള്‍ മനസ്സിലാക്കാതെയാണ്. അടുത്തിടെ നടന്ന നിയമനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവര്‍ണര്‍ പറയുന്നത് ചട്ടങ്ങള്‍ മനസ്സിലാക്കാതെയാണെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിക്കന്നു. സേവ് യൂണിവേഴ്സിറ്റിയുടേയും ചില പ്രതിപക്ഷ കക്ഷികളുടേയും വാക്ക് കേട്ടാണ് പല നടപടിയും ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം വി.സിയെ ക്രമിനല്‍ എന്ന് വിളിച്ച ഗവര്‍ണറുടെ നടപടിയെ കാണാന്‍. അതോടൊപ്പം തന്നെ സര്‍വകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങള്‍ മറച്ചുവെച്ച് മര്യാദയുടെ പരിധി ലംഘിച്ചാണ് ഗവര്‍ണറുടെ പല നടപടികളെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.

Related News