വിവാഹത്തിന് പോകാനിറങ്ങി; അമ്മയുടെ കണ്‍മുമ്പില്‍ ആറുവയസ്സുകാരി കാറിടിച്ചു മരിച്ചു

  • 21/08/2022

മലപ്പുറം: വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങി ഇറങ്ങിയ ബാലിക വാഹനാപകടത്തില്‍ മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ് മരണപ്പെട്ടത്. അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയുടെ മുമ്പിൽ വെച്ച് ആറു വയസ്സുകാരി കാറിടിച്ച് മരിച്ചത്. 

കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി കാവനൂരിൽ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. കുന്നുംപുറം-വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം. വിവാഹത്തിന് പോകാൻ അമ്മക്കൊപ്പം രികയായിരുന്നു അക്ഷര. അമ്മയ്ക്കൊപ്പം ഓട്ടോയിലേക്ക്  കയറാൻ ശ്രമിക്കവേ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാർ കുഞ്ഞിനെ ഇടിക്കുകയായിരുന്നു.

അക്ഷരയെയും അഭിരാമിയെയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. മാതാവ്: സരിത. സഹോദരൻ: അശ്വരാഗ്. 

Related News