കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ വന്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

  • 22/08/2022

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി നടത്തിയ സംഗീത പരിപാടിക്കിടെ വന്‍സംഘര്‍ഷം. പൊലീസുകാരുള്‍പ്പടെ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. പൊലീസ് പലതവണ ലാത്തി വീശിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

കോഴിക്കോട് ജെഡിടി കോളേജിലെ സ്റ്റുഡന്റ് പാലിയേറ്റീവ് കെയര്‍ നടത്തിയ കാര്‍ണിവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകള്‍ പരിപാടിക്കായി എത്തി. മിക്കതും വിദ്യാര്‍ഥികള്‍. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരിപാടി നടക്കുന്ന ബീച്ച് ആള്‍ക്കൂട്ടത്തില്‍ നിറഞ്ഞു. വേദിയിലും ആളുകള്‍ നിറഞ്ഞതോടെ പ്രവേശന കവാടം സംഘാടകര്‍ അടച്ചു. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി ഇതോടെ പുറത്തും അകത്തും സംഘര്‍ഷമുണ്ടായെന്നാണ് പൊലീസ് അറിയിക്കുന്നത്.സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരെയും കയ്യേറ്റമുണ്ടായി. കല്ലേറിനൊപ്പം കുപ്പിയില്‍ മണല്‍ നിറച്ചും പൊലീസിനുനേരെ എറിഞ്ഞു. കൂടുതല്‍ പൊലീസ് എത്തി പലകുറി ലാത്തി വീശിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. തിക്കിലും തിരക്കിലും പെട്ടാണ് 30ലധികം പേര്‍ക്ക് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് സംഘാടകര്‍.മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്ന് സ്ഥലം സന്ദര്‍ശിച്ച കോഴിക്കോട് ഡെപ്യൂട്ടി മേയര്‍. കമ്മീഷണറും ഡിസിപിയും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി. വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കിടപ്പുരോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസത്തെ കാര്‍ണിവല്‍ പാലിയേറ്റീവ് കെയര്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചത്.

Related News