മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

  • 22/08/2022

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ പത്തിന് മട്ടന്നൂര്‍ എച്ച് എച്ച് എസ് എസില്‍ ആരംഭിക്കും. പൊതുതിരഞ്ഞെടുപ്പില്‍ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടര്‍മാരില്‍ 32837 പേരാണ് വോട്ട് ചെയ്തു. 35 വാര്‍ഡുകളിലുമായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഇത്തവണ പോസ്റ്റല്‍ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കോവിഡ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാല്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം വാര്‍ഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാര്‍ഡ് 1 മണ്ണൂര്‍ (91.1), വാര്‍ഡ് 2 പൊറോറ  (91.71), വാര്‍ഡ് 13 പരിയാരം (91.27) എന്നീ വാര്‍ഡുകളിലും അടക്കം നാല് വാര്‍ഡുകളില്‍ പോളിംഗ് 90 ശതമാനം കടന്നു. 31  വാര്‍ഡുകളില്‍ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാര്‍ഡ് 28 മട്ടന്നൂരിലാണ്  72.35 ശതമാനം.

പോളിങ് ദിനത്തില്‍ നാലാങ്കേരി, മിനി നഗര്‍ തുടങ്ങിയ വാര്‍ഡുകളില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. ഏഴാം വാര്‍ഡിലെ  മട്ടന്നൂര്‍ പോളിടെക്ക്‌നിക്ക് ബൂത്തില്‍ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു.

Related News