രണ്ടാം റാങ്കുകാരന്റെ പരാതിയില്‍ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 22/08/2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്റ്റേ. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് നിയമനം സ്റ്റേ ചെയ്തത്. ഓഗസ്റ്റ് 31 വരെയാണ് സ്റ്റേ.  31ന് ഹര്‍ജി വീണ്ടും പരിശോധിക്കും.

ഹര്‍ജിയില്‍ യുജിസിയെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. നടപടികള്‍ പാലിച്ചല്ല നിയമനം എന്ന പരാതിയില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍, കണ്ണൂര്‍ വിസി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവര്‍ണര്‍ക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗണ്‍സില്‍ കൈപ്പറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് നിയമനം അനധികൃതമായി നേടിയതാണെന്നും പ്രിയയെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിനെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.  പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഇല്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു. നേരത്തെ നിയമനത്തെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചാന്‍സറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രിയ വര്‍ഗിസിന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്.

Related News