കോഴിക്കോട് കടപ്പുറത്ത് ഗാനമേള നടത്തിയത് അനുമതിയില്ലാതെയെന്ന് മേയര്‍; ഒരാളെ അറസ്റ്റ് ചെയ്തു

  • 22/08/2022

കോഴിക്കോട്: ബീച്ചില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ സ്വകാര്യ കോളജ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഘാടകര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും വെള്ളയില്‍ പൊലീസ് കേസെടുത്തു. 

അനുമതിയില്ലാതെയാണ് സംഗീത പരിപാടി നടത്തിയതെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ വ്യക്തമാക്കി.കിടപ്പുരോഗികള്‍ക്കും വിനോദയാത്ര പോകാന്‍ പറ്റുന്ന കാരവന്‍ വാങ്ങാന്‍ പണം കണ്ടെത്തുകയായിരുന്നു വെള്ളിമാടുകുന്ന് ജെ.ഡി.ടി ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളുടെ ലക്ഷ്യം. കാര്‍ണിവലിന്റ ഭാഗമായുള്ള ഗാനമേള കാണാന്‍ രാത്രി ടിക്കറ്റെടുത്തവരും അല്ലാത്തവരുമെല്ലാം കൂട്ടത്തോടെ എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പൊലീസുകാരടക്കം 40 പേര്‍ക്കാണ് പരുക്കേറ്റത്. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷ ഉറപ്പുവരുത്താതെയും അനുമതിയില്ലാതെയും ഗാനമേള സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മാത്തോട്ടം സ്വദേശി മുഹമ്മദ് ഷുഹൈബാണ് പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായത്. കാര്‍ണിവലില്‍ സംഗീതപരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ പറഞ്ഞു.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് പൊലീസിന്റ തീരുമാനം. മൂന്നുദിവസത്തെ കാര്‍ണിവലിന്റ സമാപനമായിരുന്നു ഇന്നലെ. കാരവനായി മുപ്പതുലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം.

Related News