ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി

  • 23/08/2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖപത്രം. ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നതമായ ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ്. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. കണ്ണൂര്‍ വി.സി. ആക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് 'ക്രിമിനല്‍' എന്നു വിളിച്ചത്. ഭരണമായാലും ഭരണഘടനയായാലും 'സംഘ'ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വഴിവിട്ട നടപടികള്‍. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കം മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായെന്നും സിപിഎം ആരോപിക്കുന്നു.

ഭരണഘടനാ പദവിയുടെ അന്തഃസന്ത ഉള്‍ക്കൊണ്ട് സമവായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍വകലാശാലാ നിയമനങ്ങളില്‍ അകാരണമായും നിയമവിരുദ്ധമായും ഇടപെടാന്‍ ഗവര്‍ണര്‍ മടിച്ചില്ല. ബിജെപിയുടെ രാഷ്ട്രീയ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. ഡിസിസി ജനറല്‍ സെക്രട്ടറിയെ കണ്ണൂരില്‍ വൈസ് ചാന്‍സലറായി വച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ അക്കാദമിക് മികവിനെക്കുറിച്ച് പറയുന്നത്.ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന അസാധാരണ നിര്‍ദേശവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയെയും വൈസ് ചാന്‍സലറെയും പരസ്യമായി അപമാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറായി. രാജ്ഭവനില്‍ വിളിച്ചുവരുത്തി വൈസ് ചാന്‍സലറെ ആക്ഷേപിച്ചു. ഉന്നതവിദ്യാഭ്യാസം ഉടച്ചുവാര്‍ത്ത് വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഇത്തരം സമീപനങ്ങള്‍ ദോഷമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Related News