കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

  • 23/08/2022

തിരുവനന്തപുരം: ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശത്തില്‍ കെടി ജലീല്‍ എംഎല്‍എക്കെതിരെ (KT Jaleel) കേസ് എടുക്കാന്‍ നിര്‍ദേശം. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതിയാണ് കീഴ്വയ്പ്പൂര്‍ എസ് എച്ച് ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. നേരത്തെ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിഎടുക്കാത്ത സാഹചര്യത്തിലാണ് അരുണ്‍ കോടതിയെ സമീപിച്ചത്. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു വിവാദമായത്.

പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വിവാദമായിരുന്നു. പരാമര്‍ശം  വിവാദമായതിനു പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' - ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.

Related News