മധു കൊലപാതകക്കേസിലെ ഒന്‍പത് പ്രതികള്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ്

  • 24/08/2022

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായ ഒമ്പത് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അഗളിപോലീസ്. ഒമ്പത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ക്ക് കീഴടങ്ങുന്നില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് ഡി.വൈ.എസ്.പി എന്‍. മുരളീധരന്‍ പറഞ്ഞു. 

മലപ്പുറം, കോഴിക്കോട്, ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ഫോണ്‍വിവരങ്ങള്‍ കേന്ദ്രീകരിച്ചും എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്. ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ തെറ്റിച്ചതിനാല്‍ ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി/പട്ടിക വര്‍ഗ പ്രത്യേക കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത്. നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15-ാം പ്രതി ബിജു എന്നിവരെ അന്നുതന്നെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, 10-ാം പ്രതി ജൈജുമോന്‍, 11-ാം പ്രതി അബ്ദുല്‍ കരീം, 12-ാം പ്രതി സജീവ് എന്നിവരാണ് ഒളിവിലുള്ളത്. പ്രതികള്‍ക്കായി മൂന്നുദിവസമായി അഗളി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി നിലനില്‍ക്കുന്നിനാല്‍ വിചാരണ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.ജാമ്യം റദ്ദാക്കിയ ഉത്തരവ് വന്നതിന് ശേഷം വിചാരണ ബുധനാഴ്ച പുനരാരംഭിക്കുകയാണ്. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാര്‍, 27-ാം സാക്ഷി സെയ്തലവി, 28-ാം സാക്ഷി മണികണ്ഠന്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കുമെന്നും കോടതി പറഞ്ഞിരുന്നു.

Related News