കോഴിക്കോട് ഗോഡൗണിലെ തീപ്പിടിത്തം; സ്ഥാപനത്തിനെതിരെ കേസ്

  • 24/08/2022

കോഴിക്കോട്: ഫാറോക്കില്‍ പെയിന്റ് ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തില്‍ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്. ഗോഡൗണില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ അപകടകരമായ രാസവസ്തുക്കള്‍ ലൈസന്‍സില്ലാതെ സൂക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.

ഗോഡൗണില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വലിയ അളവിലുള്ള രാസവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ കത്തിപ്പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പലതവണ അണയ്ക്കാന്‍ ശ്രമിച്ചിട്ടും കെട്ടിടത്തിന്റെ കോണുകളിലും തീ വീണ്ടും പടര്‍ന്ന് കയറിയിരുന്നു.


മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും വിശദമായ അന്വേഷണം നടത്തും. തീപിടുത്തത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഫറോക്ക് എ.സി.പിയെ ചുമതലപ്പെടുത്തി. ഇന്നലെ ഫറോക്ക് പഴയപാലത്തിന് സമീപമുള്ള ഫാക്ടറിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഗോഡൗണിലേക്ക് രാസവസ്തുക്കളിറക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

Related News