ബി.ജെ.പി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കെജ്രിവാള്‍: പ്രെത്യേക നിയമസഭാ സമ്മേളനം വിളിച്ചേക്കും

  • 24/08/2022

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെ വെള്ളിയാഴ്ച പ്രത്യേക സമ്മേളനം ചേരാനൊരുങ്ങി ഡല്‍ഹി നിയമസഭ. മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച എം.എല്‍.എമാരുടെ യോഗം വിളിച്ചു.

ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന എ.എ.പി. രാഷ്ട്രീയകാര്യ കമ്മിറ്റി യോഗത്തിനു ശേഷമാണ് കെജ്രിവാള്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ചതു പോലെ ഡല്‍ഹി സര്‍ക്കാരിനെയും വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി എ.എ.പി. ആരോപണം ഉയര്‍ത്തിയത്.മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി. തന്നെ സമീപിച്ചിരുന്നെന്ന് സിസോദിയ പിന്നീട് അവകാശപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി വിടുന്നപക്ഷം തനിക്കെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന വാഗ്ദാനം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭീഷണി നേരിടുന്നുണ്ടെന്നും പാര്‍ട്ടി പിളര്‍ത്താന്‍ പണം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെന്നും ചില എം.എല്‍.എമാര്‍ തന്നോടു വെളിപ്പെടുത്തിയതായി ബുധനാഴ്ച സിസോദിയ പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഇരുപതുകോടി വീതം നല്‍കാമെന്ന് എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് എന്നിവര്‍ക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി എ.എ.പി. ദേശീയവക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ആരോപിച്ചു. മറ്റ് എം.എല്‍.എമാരെ കൂടി കൊണ്ടുവന്നാല്‍ 25 കോടി നല്‍കാമെന്നും ഇവരോടു പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News