സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനും വിഷം നല്‍കി

  • 25/08/2022

തൃശൂര്‍: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂരില്‍ അറസ്റ്റിലായ മകള്‍, പിതാവ് ചന്ദ്രനും വിഷം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. രുചിവ്യത്യാസം തോന്നിയതിനാല്‍ ചന്ദ്രന്‍ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കിഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. രുഗ്മിണിയുടെ മരണത്തില്‍ മകള്‍ ഇന്ദുലേഖയെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഇയാള്‍ ആഭരണം എവിടെയെന്ന് തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രന്‍ ഉത്സവ പറമ്പുകളില്‍ ബലൂണ്‍ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീര്‍ക്കാന്‍ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളില്‍ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.

Related News