മരം മുറിക്കാന്‍ അനുമതി നല്‍കിയ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

  • 25/08/2022

വയനാട് കൃഷ്ണഗിരിയിലെ വിവാദ മരംമുറി വിവാദത്തില്‍ വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. കൃഷ്ണഗിരി വില്ലേജ് ഓഫിസര്‍ അബ്ദുള്‍ സലാമിനെയാണ് ജില്ല കളക്ടര്‍ എ.ഗീത സസ്‌പെന്‍ഡ് ചെയ്തത്. ഭൂരേഖകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി.

കൃഷ്ണഗിരി വില്ലേജിലെ 250/1എ/1ബി സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയില്‍ നിന്നാണ് 13 ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണ് എന്നായിരുന്നു വില്ലേജ് ഓഫിസര്‍ പറഞ്ഞിരുന്നത്.
ഈ മരങ്ങള്‍ മുറിക്കാന്‍ വില്ലേജ് ഓഫിസര്‍ എന്‍ഒസി നല്‍കിയിരുന്നു. 36 ഈട്ടി മരങ്ങള്‍ മുറിക്കാനായിരുന്നു വില്ലേജ് ഓഫിസില്‍ നിന്ന് എന്‍ഒസി നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെ സുല്‍ത്താന്‍ ബത്തേരി തഹസീല്‍ദാര്‍ ഇതിന് സ്റ്റോപ്‌മെമ്മോ നല്‍കി. ഇന്നലെ ഈട്ടിമരങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായതും വില്ലേജ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതും. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഇടപെടലുണ്ടായെന്ന് കണ്ടാണ് നടപടി. ഇത് റവന്യൂ ഭൂമിയാണെന്നാണ് തഹസീല്‍ദാറുടെ വിശദീകരണം.

Related News