എട്ട് ലക്ഷം രൂപയുടെ ബാധ്യത, അച്ഛനെ കൊല്ലാനും ഇന്ദുലേഖ ശ്രമിച്ചു; എലിവിഷം നല്‍കി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 25/08/2022

തൃശ്ശൂര്‍: സ്വത്ത് തട്ടിയെടുക്കാനായി അമ്മയ്ക്ക് എലിവിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ ഇതിന് മുമ്പ് അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വിവരം. മാതാപിതാക്കളെ കൊലപ്പെടുത്താന്‍ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങിയിരുന്നു. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

തൃശൂർ കുന്നംകുളം കീഴൂരിലാണ് ക്രൂരമായ സംഭവം. തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണിക്ക് (58) മകള്‍ ഇന്ദുലേഖ(39) എലിവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. 

കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് സൂചനകള്‍ ലഭിച്ചതോടെ അവര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. 

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചു. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യുകയും മകളായ ഇന്ദുലേഖ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവിന് ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്. 

ഭര്‍ത്താവ് 18-ാം തീയതി നാട്ടില്‍ വരാനിരിക്കെ, മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിൽക്കാനും തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനുമാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പോലീസ് വ്യക്തമാക്കുന്നു. അതേസമയം അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചന്ദ്രനെയും ഇന്ദുലേഖ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ രുചിച്ചപ്പോള്‍ കയ്പുരസം തോന്നിയ ചന്ദ്രന്‍ ചായ കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായും ചന്ദ്രന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

Related News